'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

രേണുക വേണു

ശനി, 14 ഡിസം‌ബര്‍ 2024 (16:20 IST)
കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവും ട്രോളും. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി കേരളത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ ലോക്‌സഭയില്‍ ഉണ്ടായിരുന്ന സുരേഷ് ഗോപി അവരെ പരിഹസിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്. 
 
' കേരളത്തിനു എന്തെങ്കിലും സഹായം കിട്ടാന്‍ കേന്ദ്രത്തോടു ആവശ്യപ്പെടേണ്ട എംപി തന്നെ കൈമലര്‍ത്തുന്നത് എന്തൊരു മോശം കാഴ്ചയാണ്' വീഡിയോയ്ക്കു താഴെ ഒരാള്‍ കുറിച്ചു. കേരളം നശിച്ചു കാണാനാണ് ബിജെപിയും സുരേഷ് ഗോപിയും ആഗ്രഹിക്കുന്നതെന്ന് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. തങ്ങള്‍ക്കു പറ്റിയ തെറ്റ് അടുത്ത വട്ടം തൃശൂരിലെ ജനങ്ങള്‍ തിരുത്തുമെന്നാണ് സുരേഷ് ഗോപിയെ പരിഹസിച്ച് മറ്റു ചിലര്‍ കുറിച്ചിരിക്കുന്നത്.
 
മോദി സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടെയാണ് കനിമൊഴി കേരളത്തെ കുറിച്ച് പരാമര്‍ശിച്ചത്. വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് കനിമൊഴിയുടെ തീപാറുന്ന പ്രസംഗം. തമിഴ്നാടിനെ പോലെ കേരളത്തെയും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് കനിമൊഴി പറഞ്ഞു. ഈ സമയത്ത് സുരേഷ് ഗോപി കനിമൊഴിയെ പരിഹസിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചു. 
 
' ഞങ്ങള്‍ക്കു മാത്രമല്ല സാര്‍, തൊട്ടടുത്ത് കിടക്കുന്ന കേരളവും ഇതേ പ്രശ്നം നേരിടുന്നുണ്ട്,' എന്നാണ് കനിമൊഴി സഭയില്‍ പ്രസംഗിച്ചത്. ഈ സമയത്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ഏക ലോക്സഭാംഗമായ സുരേഷ് ഗോപി കനിമൊഴിയെ നോക്കി കൈ മലര്‍ത്തുന്ന ആംഗ്യം കാണിക്കുകയും പരിഹസിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പരിഹാസത്തിനു അതേ നാണയത്തില്‍ തന്നെ കനിമൊഴി മറുപടി നല്‍കുകയും ചെയ്തു.
 
' അതെ സാര്‍, നിങ്ങളിപ്പോള്‍ രണ്ട് കൈയും മലര്‍ത്തി കാണിച്ചില്ലേ..ഇതുപോലെ കേന്ദ്ര സര്‍ക്കാരും നമ്മളെ നോക്കി കൈ മലര്‍ത്തുകയാണ്,' കനിമൊഴി പറഞ്ഞു. സുരേഷ് ഗോപിക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയ കനിമൊഴിയെ വലിയ കരഘോഷത്തോടെയാണ് പ്രതിപക്ഷ എംപിമാര്‍ പ്രശംസിച്ചത്. കനിമൊഴിയുടെ മറുപടിയില്‍ സുരേഷ് ഗോപിയും നിശബ്ദനായി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍