റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ടാക്സി കാത്തുനിൽക്കേണ്ട, കാർ നിങ്ങൾക്ക് തന്നെ ഓടിച്ച് പോകാം !

ചൊവ്വ, 7 ജനുവരി 2020 (20:16 IST)
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ശേഷം ടാക്സിക്ക് വേണ്ടി കാത്തു നിൽക്കുമ്പോൾ നമ്മൂടെ കാർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനേ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇനി ആ ചിന്ത വേണ്ട സ്റ്റേഷനിൽ നിന്നും കാർ നമുക്ക് ഓടിച്ച് പോകാം. റെയിൽവേ സ്റ്റേഷനുകളിൽ റെന്റ് ഡേ കാർ സംവിധാനം ലഭ്യമാക്കുകയാണ് സതേർൺ റെയിൽവേ. 
 
തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ മാസം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമാകും. തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ എത്തുന്നത്. ഓരോ സ്‌റ്റേഷനിലും അഞ്ചു കാറുകൾ ഉണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ കാര്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതി. 
 
കാര്‍ ബുക്ക് ചെയ്യുന്നതിനായുള്ള കിയോസ്കുകൾ റെയില്‍വേ സ്‌റ്റേഷനുകൾക്കുള്ളിൽ തന്നെ സജ്ജീകരിക്കും. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും വൈകാതെ തന്നെ റെയിൽവേ ഒരുക്കും. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയകരമായാൽ മറ്റു റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് സതേർൺ റെയിൽവേ ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍