പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. വൈകിട്ട് ആറോടെയായിരുന്നു മരണം. പൊള്ളലേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയുമാണ് മരണകാരണം.
വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. ഇതോടെ ആരോഗ്യം ഗുരുതരാവസ്ഥയിലായി.
ഹൃദയമിടിപ്പു കുറഞ്ഞു തുടങ്ങിയെന്നു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.