സോളാര്‍ കേസ്; ഹാജരാകാത്ത സാക്ഷികളെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മിഷന്‍
വെള്ളി, 10 ജൂലൈ 2015 (17:42 IST)
സോളാർ കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ ഹാജരായില്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് കേസന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. കേസിലെ സാക്ഷികള്‍ ഹാജരാകാന്‍ കാണിക്കുന്ന വിമുഖതയില്‍ കമ്മീഷന്‍ കടുത്ത അതൃപ്തിയിലാണ്. സാക്ഷികൾ നിരന്തരം ഹാജരാവാതിരിക്കുന്നത് കമ്മിഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും ജസ്റ്റിസ് ശിവരാജൻ ചൂണ്ടിക്കാട്ടി.
സാക്ഷികൾ ഹാജരാവാതിരുന്നാൽ അവരെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. കെബി ഗണേശ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് ഈ കേസിൽ മൊഴി നൽകാൻ ഹാജരാവാതിരുന്നതിനെ തുടർന്നാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ അമ്മയ്ക്കൊപ്പം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സരിതയെ പ്രദീപ് സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രദീപിനോട് ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടത്. തോൾ വരെയുള്ള വിഗ് വച്ച, മുഖത്ത് ചായം തേച്ച പ്രദീപ് ജയിലിൽ സരിതയെ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു. അട്ടക്കുളങ്ങര ജയിലിലെ ഗാർഡ് കമാൻഡർ ആയിരുന്ന പി. ശ്രീരാമൻ തന്നെ ഇക്കാര്യം കമ്മിഷൻ മുൻപാകെ മൊഴി നൽകുകയും ചെയ്തു.