വോട്ടവകാശം വിനിയോഗിച്ചവര്‍ക്ക് നന്ദി; യുഡിഎഫും ബിജെപിയും വോട്ടു കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ ഡി എഫ് 100 സീറ്റിലേക്ക് എത്തും: സോഷ്യല്‍ മീഡിയയില്‍ സജീവമായി വിഎസ് വീണ്ടും

Webdunia
ചൊവ്വ, 17 മെയ് 2016 (12:03 IST)
വോട്ടെല്ലാം പെട്ടിയിലായതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നതിനു വേണ്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മാറി നിന്നതെന്നും ഇന്നുമുതല്‍ വീണ്ടും സജീവമാകുകയാണെന്നും പറഞ്ഞാണ് വി എസ് വീണ്ടും എത്തിയിരിക്കുന്നത്.
 
വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും നന്ദി അറിയിച്ച വി എസ് ബി ജെ പിയും യു ഡി എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് എൽ ഡി എഫ് എത്തിച്ചേരുമെന്നും തന്റെ പോസ്റ്റില്‍ വി എസ് വ്യക്തമാക്കുന്നു.
 
വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 
നന്ദി
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഔദ്യോഗികമായി പ്രചാരണം അവസാനിച്ചതിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ നിന്നും മാറി നിന്നത്. ഇന്ന് മുതൽ വീണ്ടും സജീവമാവുകയാണ്.
ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻപേരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണല്ലോ വോട്ട്. അത് കേരളീയർ ശരിയായ വിധത്തിൽ വിനിയോഗിച്ചു എന്ന സൂചന നല്കുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി.ജെ.പിയും യു.ഡി.എഫ്. ഉം വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഞാൻ പ്രഖ്യാപിച്ചതു പോലെ 100 സീറ്റ് എന്ന ലക്ഷ്യത്തിലേയ്ക്ക് എൽ.ഡി.എഫ്. എത്തിചേരാവുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. അതിനായി പ്രയന്തിച്ച മുഴുവൻ എൽ. ഡി.എഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നതിനൊടൊപ്പം വോട്ടവകാശം വിനിയോഗിച്ച മുഴുവൻ ജനാധിപത്യവിശ്വാസികൾക്കും നന്ദിയും രേഖപ്പെടുത്തുന്നു.
Next Article