എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രംഗത്ത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന നാക്കുമായി വെള്ളാപ്പള്ളി നിലകൊള്ളുകയാണ്. വെള്ളാപ്പള്ളി വര്‍ഗീയ പരമാര്‍ശം നടത്തുന്നത് ഇതാദ്യമായല്ലന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് അഴുക്കുചാല്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെ കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായി പോയെന്ന് വെള്ളാപ്പള്ളിക്ക് തോന്നുന്നെങ്കില്‍ അത് നല്ലതാണ്. കേസും ഖേദപ്രകടനവും രണ്ടും രണ്ടാണ്. തന്റെ അധ:പതനത്തെ വെള്ളാപ്പള്ളിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും പിണറായി വിജയന് കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന പേരില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് വിവേചനപരമായാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു. മരിച്ച നൗഷാദിന് സഹായം നൽകിയതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തത്. വെള്ളാപ്പള്ളിക്ക് മുഴുവന്‍ ഭൂരിപക്ഷ സമുദായത്തിന്റെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.