മോഷ്ടിച്ച സാധനങ്ങള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയതിനു ശേഷം അവിടെ നിന്ന് അതേ സാധനങ്ങള്‍ വീണ്ടും മോഷ്ടിച്ചു വില്‍ക്കുന്ന ആറ് തിരുട്ടുഗ്രാമക്കാര്‍ പിടിയില്‍. തിരുനല്‍വേലി ശങ്കരന്‍കോവില്‍ സ്ട്രീറ്റ് സ്വദേശികളായ മണികണ്ഠന്‍ (21), മണിവര്‍ണ്ണന്‍ (19), ചന്ദനം (20), മാടസ്വാമി (23), തിരുനെല്‍വേലി ഊത്തുമലൈ മാര്‍ക്കാലംകുളം ഉദയകുമാര്‍ (23), ഊത്തുമലൈ സി വി കെ പുതൂര്‍ സ്ട്രീറ്റ് ഭരത്കുമാര്‍ (20) എന്നിവരാണ് പിടിയിലായത്‍.
ഇവരുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അയര്‍ക്കുന്നത്തിനടുത്ത് അയ്മനത്ത് വാടകയ്ക്ക് താമസിക്കാനെത്തിയവരാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : ഇല്ലിക്കല്‍ പാലത്തിനു സമീപമുള്ള ആക്രിക്കടയില്‍നിന്നു മോഷണം നടത്തുന്നതിനിടെ ഉടമ ഉത്തര്‍പ്രദേശ് സ്വദേശി ആരീഫിന്‍റെ ആക്രിക്കടയില്‍ നിന്ന് സ്ഥിരമായി ആക്രിസാധനങ്ങള്‍, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങള്‍ മോഷണം പോവുക പതിവായിരുന്നു. എന്നാല്‍ ഇതു കണ്ടുപിടിക്കാന്‍ ഏറെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല, ഇതിനെ തുടര്‍ന്ന് ആരിഫും സഹോദരന്‍ സെയ്ദും രാത്രി സമയങ്ങളില്‍ കാവലിരിക്കാന്‍ തുടങ്ങി.
അര്‍ധരാത്രിയോടെ ആക്രിക്കടയിലെ പ്രത്യേക ശബ്ദം കേട്ട ഇവര്‍ കണ്ടത് ഒരാള്‍ ആക്രിസാധനങ്ങള്‍ ഒരു പെട്ടി ഓട്ടോയില്‍ കയറ്റുന്നതാണ്. ഇത് കണ്ട് ഇവര്‍ ഓട്ടോയ്ക്കരികിലെത്തിയതോടെ ഓട്ടോ ഉപേക്ഷിച്ച് അയാള്‍ ഓടി രക്ഷപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഒരു മോഷ്ടാവിനെ ഇല്ലിക്കല്‍ കവലയില്‍നിന്നും രണ്ടു പേരെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു ബാക്കിയുള്ളവരെ പൊലീസ് പിടികൂടിയത്.
ഇവരെല്ലാവരും തന്നെ പല സ്ഥലങ്ങളില്‍ നിന്നുമായി ഇലക്‍ട്രോണിക്സ് സാധനങ്ങള്‍ മോഷ്ടിച്ച് പല ആക്രിക്കടകളില്‍ വില്‍പ്പന നടത്തും. രാത്രി സമയങ്ങളില്‍ അവിടെയെത്തി വീണ്ടും അതേ സാധനങ്ങള്‍ മോഷ്ടിച്ച് എറണാകുളത്തു കൊണ്ടുപോയി വില്‍പ്പന നടത്തും. കുമരകം എസ്‌ഐ ഷെറീഫ്, അഡീഷണല്‍ എസ്‌ഐ നടേശന്‍, ജോര്‍ജ്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ തുടക്കത്തില്‍ പിടികൂടിയത്.