പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

രേണുക വേണു

തിങ്കള്‍, 9 ജൂണ്‍ 2025 (11:09 IST)
വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ പുരോഗമിക്കുന്നു. അപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മ മരിയ ചാക്കോയും ആശുപത്രിയില്‍ നിന്നു എത്തിയാണ് ചാക്കോയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കണ്ടത്. 
 
വാഹനാപകടത്തില്‍ മരിയയുടെ ഇടുപ്പെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് സ്‌ട്രെച്ചറിലാണ് മരിയയെ ചാക്കോയുടെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നത്. ചാക്കോ മരിച്ച വിവരം ഭാര്യ മരിയയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണു സൂചിപ്പിച്ചിരുന്നത്. ഇന്നു രാവിലെയാണ് ഭര്‍ത്താവിന്റെ മരണവിവരം അവരെ അറിയിച്ചത്. 
മൃതസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മരിയയും ഷൈനും ആശുപത്രിയിലേക്ക് തന്നെ മടങ്ങും. ഷൈനിന്റെ തോളെല്ലിനു പൊട്ടലുണ്ട്. ഇന്നുതന്നെ താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നുദിവസത്തിനുള്ളില്‍ ആശുപത്രി വിടാം. എങ്കിലും ആറാഴ്ച വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരുക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍