മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ എം ടി വാസുദേവന്‍ നായര്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. എം.ടിയെ പോലുള്ളവര്‍ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ഇപ്പോൾ ജീവിക്കുന്നതെന്നും, അത്തരത്തില്‍ ഉള്ള അവസാന വെളിച്ചവും തല്ലികെടുത്തരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ശീനാരായണ ഗുരു,ഉറൂബ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി ,എം.ടി, മാധവിക്കുട്ടി, ടി.പത്മനാഭന്‍ ,എം.എന്‍.വിജയന്‍ മാഷ് ,തുടങ്ങിയവരൊക്കെ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നത്. മൈക്ക് കെട്ടി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന തലയില്‍ കെട്ടുവേഷക്കാരല്ല അതുണ്ടാക്കിയത്. ഉള്ള വെളിച്ചം കൂടി പൊട്ടക്കളത്തിലെ പുളവന്‍ ഫണീന്ദ്രന്മാരായ ഈ നികൃഷ്ടജീവികളെല്ലാം കൂടി ഊതിക്കെടുത്താന്‍ നോക്കിയിട്ടേ ഉള്ളൂ. ആത്മീയ വിദ്യാഭ്യാസത്തിന്റെ കൂടെ കുറച്ച് മര്യാദയും അവിടെയുള്ള സ്വയം വൈസ് ചാന്‍സലര്‍മാരും ഉസ്താദുമാരും പഠിപ്പിച്ചു കൊടുക്കണം.
സാഹിത്യകാമ്പിന്റെ കാര്യദര്‍ശിനിയായി ക്ഷണിക്കാന്‍ എത്തിയ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എം.ടി വാസുദേവന്‍ നായര്‍ വിദ്വേഷ പ്രസ്താവന നടത്തിയതായി തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റഷാദ് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി സലീം മണ്ണാര്‍ക്കാടാണ് ഫേസ്ബുക്ക് വഴി ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ പോസ്റ്റ്.