കോളിളക്കം സൃഷ്ടിച്ച ഷിബിൻ വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസ് സംശായ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിധി. മുസ്ലിം ലീഗ് പ്രവർത്തകരടക്കം 17 പേർ ആയിരുന്നു പ്രതികൾ. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
കേസിൽ 66 സാക്ഷിമൊഴികളുടെയും 151 രേഖകളുടെയും 55 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. സാക്ഷിമൊഴികൾ നൽകിയ പരുക്കേറ്റവരും സി പി ഐ(എം ) പ്രവർത്തകർ ആയിരുന്നുവെന്നും സാക്ഷികളായി മറ്റാരും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ കാലതാമസം ഉണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, നീതി കിട്ടിയില്ലെന്നും, കോടതി പ്രതികൾക്കൊപ്പമാണ് നിന്നത് ഇരകൾക്കൊപ്പമലെന്നും കൊല്ലപ്പെട്ട ഷിബിന്റെ അച്ഛൻ ഭാസ്കരൻ പ്രതികരിച്ചു. മേൽക്കോടതിയിൽ പോകുമെന്നും ഭാസ്കരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.