തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നു, നിലവിലെ റിപ്പോര്‍ട്ടുകള്‍ തന്നെ കുടുക്കാന്‍ - ശങ്കർ റെഡ്ഡി ജേക്കബ് തോമസിന് കത്തു നൽകി

ശനി, 29 ഒക്‌ടോബര്‍ 2016 (16:48 IST)
തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ശങ്കര്‍ റെഡ്ഡി വിജിലൻസ് മേധാവി ജേക്കബ് തോമസിന് കത്തു നൽകി.

ഇപ്പോൾ കോടതിയിൽ വന്നിട്ടുള്ള കേസുകളെല്ലാം ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതാണ്. തനിക്കെതിരെയുള്ള തെറ്റായ വിവരങ്ങളാണ് വിവരാവകാശ പ്രകാരമായി വിജിലൻസ് ഓഫീസിൽ നിന്ന് നല്‍കുന്നത്. തന്നെ കുടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഇതുവരെ കോടതിയിൽ കൊടുത്ത റിപ്പോ‌ർട്ടുകളെന്നും കത്തില്‍ ശങ്കര്‍ റെഡ്ഡി വ്യക്തമാക്കുന്നു.

വരും ദിവസങ്ങളിലും വിജിലന്‍‌സ് തനിക്കെതിരായ റിപ്പോർട്ടുകള്‍ കോടതിയില്‍ നൽകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിജിലൻസ് ഡയറക്ടർ ജാഗ്രത പാലിക്കണം. സോളാ‌ർ തട്ടിപ്പ്, ബാർ കോഴ കേസുകളില്‍ തനിക്കെതിരെ പരാതി നൽകിയ പായിച്ചിറ നവാസും വിജിലൻസിലെ ചില ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ശങ്കർ റെഡ്ഡി ആരോപിക്കുന്നു.

സോളർ കേസുമായി ബന്ധപ്പെട്ട പരാതികൾ താന്‍ പൂഴ്‌ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സരിത എസ് നായര്‍  സോളർ കമ്മിഷൻ മുൻപാകെ പരാതി ഉന്നയിച്ചതിന്റെ അടുത്ത ദിവസം തൃശൂർ വിജിലൻസ് കോടതിയിൽ പിഡി ജോസഫ് എന്നൊരാൾ വ്യക്തി ഹർജി നൽകി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ അതിനെതിരെ ആരോപണവിധേയർ അടുത്ത ദിവസം ഹൈക്കോടതിയിൽ നിന്നു സ്‌റ്റേ വാങ്ങി.

സ്‌റ്റേ അനുവദിച്ച വിഷയത്തിൽ പിന്നീടു വിജിലൻസിനു നേരിട്ടു പരാതി ലഭിച്ചാലും അന്വേഷിക്കാൻ കഴിയില്ലെന്നും റെഡ്ഡി പറഞ്ഞു. ഇതെല്ലാം മറച്ചു വച്ചാണ് താൻ പരാതികൾ പൂഴ്‌ത്തിയെന്ന് റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക