സരിത ഇന്ന് തെളിവുകള്‍ പുറത്തുവിടും; ശരീരികമായി ചൂഷണം ചെയ്തതിന്റെ ദൃശ്യങ്ങൾ പരസ്യമാക്കില്ല

Webdunia
ശനി, 14 മെയ് 2016 (10:13 IST)
സംസ്ഥാനം പോളിംഗ് ബൂത്തിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇന്ന് പുറത്തുവിട്ടേക്കും. സോളാര്‍ കമ്മീഷനില്‍ ഇന്ന് ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും കമ്മീഷന്‍ ഇന്ന് അവധിയായതിനാലാണ് തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ സരിത പദ്ധതിയിടുന്നത്.

ചില മന്ത്രിമാരടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കമ്മീഷന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കൂ എന്ന് കഴിഞ്ഞ ദിവസം സരിതാ നായര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കമ്മീഷന്‍ ഇന്ന് അവധിയായതിനാല്‍ തെളിവുകള്‍ പുറത്തുവിടാനാണ് സരിതയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വീഡിയോ ദൃശ്യങ്ങളും, ഫോണ്‍ വിളികളുടെ ഓഡിയോ ക്ലിപ്പുകളും, ചില നിര്‍ണായക ഫോട്ടോകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് സരിത കമ്മീഷനു കൈമാറിയത്. സരിത ജയിലിൽ വെച്ച് എഴുതിയ കത്തിനെ സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകളാണ് സരിത കമ്മീഷന് കൈമാറിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങളാണ് സരിത കമ്മീഷന് നൽകിയ തെളിവുകളില്‍ പ്രധാനമായി ഉള്ളത്. ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഹാജരാക്കിയത്. മല്ലേരി ശ്രീധരൻ നായരുമൊത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണുന്ന ദൃശ്യങ്ങൾ,  യു ഡി എഫിലെ നേതാക്കളെ വിളിച്ചതിന്റെ ശബ്ദരേഖ, ജിക്കുമോൻ സരിതയ്ക്ക് അയച്ച മെയിലുകൾ എന്നിവയുടെ തെളിവുകളും സരിത കമ്മീഷന് കൈമാറി.

എപി അനിൽകുമാർ, ബെന്നി ബെഹനൻ എം എല്‍ എ, പി സി വിഷ്‌ണുനാഥ് എം എല്‍ എ, അടൂര്‍ പ്രകാശ്, മോന്‍സ് ജോസഫ് എം എല്‍ എ എന്നിവരുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ഓഡിയോ രേഖകളും സരിത ഹാജരാക്കി. കൈമാറിയ തെളിവുകളിൽ അശ്ലീല ദൃശ്യങ്ങളും അശ്ശീല ശബ്‌ദരേഖകളും ഉൾപ്പെടുന്നു. അതേസമയം, തന്നെ ശരീരികമായി ചൂഷണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വിടില്ലെന്നും സരിത വ്യക്തമാക്കി.
Next Article