സരിത നാളെ എന്തു പറയും; യുഡിഎഫില്‍ ആകുലത വര്‍ദ്ധിക്കുന്നു, എന്തെങ്കിലും പറഞ്ഞാല്‍ സകലതും തകരുമെന്ന് നേതൃത്വം, സരിതയെ പൂട്ടാന്‍ നീക്കങ്ങള്‍ സജീവം- മുഖ്യമന്ത്രി സമ്മര്‍ദ്ദത്തില്‍!

Webdunia
വ്യാഴം, 12 മെയ് 2016 (12:42 IST)
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുഡിഎഫില്‍ ആകുലത വര്‍ദ്ധിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ  കൂടുതല്‍ തെളിവുകള്‍ നല്‍കാനും ഇതിന്റെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും സരിത എസ് നായര്‍ക്ക് മെയ് 13ന് സോളാര്‍ കമ്മീഷന്‍ സമയം അനുവദിച്ചതാണ് യുഡിഎഫിനെ വെട്ടിലാക്കിയത്.

ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറിയതിന് പിന്നാലെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ സരിത എത്തുന്നത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്.

ഉമ്മന്‍ചാണ്ടി, ചാണ്ടി ഉമ്മന്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് സരിത കമ്മീഷന് മുമ്പ് ഹാജരാക്കിയത്. രണ്ട് പെന്‍ഡ്രൈവുകളും മറ്റ് രേഖകളും കമ്മീഷന് സരിത നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കത്ത് സരിത എഴുതിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടത്തക്കെ സാധൂകരിക്കുന്നതാണ് തെളിവുകളാണ് കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്‌ച സരിത കമ്മീഷനില്‍ മൊഴി നല്‍കുകയും മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌താല്‍ അനുകൂല സാഹചര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് യുഡിഎഫ് പരോക്ഷമായെങ്കിലും വിശ്വസിക്കുന്നുണ്ട്. സരിതയുടെ ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ലെന്ന് പറഞ്ഞാല്‍ പോലും തെരഞ്ഞെടുപ്പിന് അവസാന നിമിഷം അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തിരിച്ചടിയാകും. ആരോപണം മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ സരിതയോ അവര്‍ മുഖേനെ ഏതെങ്കിലും ചാനലോ പുറത്തുവിട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ഉറച്ചു വിസ്വസിക്കുന്നത്.

ഈ സാഹചര്യത്തില്‍ സരിത ഒന്നും പറയാതിരിക്കാനുള്ള നീക്കങ്ങള്‍ ബുധനാഴ്‌ച തന്നെ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നല്‍കിയ തെളിവുകളുടെ വിശദാംശങ്ങളുടെ മൊഴി കമ്മീഷനില്‍ രേഖപ്പെടുത്തുന്നത് പ്രശ്‌നമല്ലെങ്കിലും മാധ്യമങ്ങളോട് സരിത എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാകുമെന്ന് നേതൃത്വം തന്നെ വിശ്വസിക്കുന്നുണ്ട്. ദൃശ്യങ്ങളോ തെളിവുകളോ പുറത്തുവരാന്‍ ഇടയാക്കരുതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാനും എന്റെ കുടുംബവും പിന്നെയില്ലെന്നും, ഉമ്മന്‍ചാണ്ടി ഒരു സൈലന്റ് എലിമിനേറ്ററാണെന്നും പരസ്യമായി പറഞ്ഞ സരിത എന്തിനും തയാറായാണ് കമ്മീഷനില്‍ നാളെ എത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അത് താങ്ങാന്‍ കഴിയില്ലെന്നുമാണ് സരിത പറയുന്നത്.
Next Article