മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു? വെൽ പ്ലാൻഡ് ഓപറേഷൻ ആയിരുന്നു, ബിന്ദുവും കനകവും മല ചവിട്ടിയത് ഇങ്ങനെ

ബുധന്‍, 2 ജനുവരി 2019 (15:32 IST)
ശക്തമായ പ്രതിഷേധവും അക്രമണവുമായിരുന്നു കഴിഞ്ഞ തവണ സ്ത്രീകൾ മല ചവിട്ടാനെത്തിയപ്പോൾ. അതിനാൽ തന്നെ ഇനി യുവതികൾ മല കയറാൻ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഈ അവസരമാണ് കനക ദുർഗയും ബിന്ദുവും ഉപയോഗിച്ചത്. അക്ഷരാർത്ഥത്തിൽ അവരിരുവരും ചരിത്രം കുറിക്കുകയായിരുന്നു. 
 
യാതോരു പ്രതിഷേധവും ഇല്ലാതെയാണ് ബിന്ദുവും കനകവും മല ചവിട്ടിയത്. മലയിറങ്ങി വന്ന ഭക്തരാരും അവരെ തടഞ്ഞില്ല. പ്രതിഷേധിച്ചതുമില്ല. എന്നൽ, കനത്ത സുരക്ഷയില്ലാതിനാൽ തന്നെ ഈ വിവരം പുറം‌ലോകത്താരും അറിഞ്ഞുമില്ല. വെൽ പ്ലാൻഡ് ആയ ഒരു നിലപാടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.
 
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സന്നിധാനത്തെ മറ്റ് പൊലീസുകാരും ഒന്നുമറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് എല്ലാം നിയന്ത്രിച്ചതെന്നാണ് റിപ്പോർട്ട്.
 
ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപിമാരിൽ ഒരാൾക്കും ഇക്കാര്യം അറിയാമായിരുന്നുവത്രേ. കനത്ത സുരക്ഷ നൽകിയാൽ, ഇക്കാര്യം പുറത്തറിയുമെന്നും പ്രതിഷെധമുണ്ടാകുമെന്നും പൊലീസിനും മനസ്സിലായി. അങ്ങനെയാണ് വിവരം മറ്റാരേയും അറിയിക്കാതെ രണ്ട് പേരേയും അതീവരഹസ്യമായി ലളിതമായ സുരക്ഷ നൽകി പൊലീസ് മല ചവിട്ടിച്ചത്.  
 
കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. പെരിന്തൽമണ്ണക്കാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. നിലയ്ക്കലിൽ നിന്ന് യുവതികൾ എങ്ങനെ പമ്പയിലെത്തിയെന്നത് അജ്ഞാതമാണ്. പമ്പയിലെത്തിയ ഇരുവർക്കും പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നു. യുവതികൾ എത്തിയതു മുതൽ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്നാണ് സൂചനകൾ.
 
നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവും ഏറെ കരുതലുകൾ എടുത്തിരുന്നു. ഇരുമുടികെട്ട് എടുത്തിരുന്നില്ല. അതിനാൽ തന്നെ ഇവർ പതിനെട്ടാംപടി ചവിട്ടാതെയാണ് ദർശനം നടത്തിയത്.
 
ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളോ അക്രമണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബിന്ദു വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍