ശബരിമല തിരിച്ചടിയായില്ല, തോല്‍‌വി പരിശോധിക്കും: തന്റെ ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി

Webdunia
ശനി, 25 മെയ് 2019 (15:05 IST)
ശബരിമല യുവതീ പ്രവേശന വിഷയം തെരഞ്ഞെടുപ്പിലെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടി ഗൗരവപൂർവം പരിശോധിക്കും. ഇത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്തല്ല. തോല്‍‌വി അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യതപ്പെട്ട കാര്യമാണ് ശബരിമല വിഷയത്തില്‍ ചെയ്തത്. ആരു മുഖ്യമന്ത്രിയായി ഇരുന്നാലും ഇതേ ചെയ്യാന്‍ കഴിയൂ. തെരഞ്ഞെടുപ്പിലുണ്ടായ തിരച്ചടി താത്കാലികമാണ്. അതിനാൽ തന്നെ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. തിരിച്ചടിയുണ്ടാകുമെന്ന് പ്രചാരണത്തിന്റെ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്‌ഠാകുലരായ ആളുകൾ മോദി അധികാരത്തിൽ എത്താതിരിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്‌തു. കോൺഗ്രസിനാണ് ഭരണം കിട്ടുകയെന്ന തോന്നലുണ്ടായത് വോട്ട് ചോർച്ചയ്‌ക്ക് ഇടയാക്കി.
സര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരമുണ്ട്. തെളിയേണ്ട ഘട്ടത്തില്‍ അതു തെളിയുകയും ചെയ്യും.

തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. ഞാന്‍ ഇവിടെയെത്തിയത് എന്റെ ശൈലിയൂടെയാണ്. അതു തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ പ്രശ്നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസർക്കാർ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സർക്കാരിന്‍റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article