വിഷു ദിനത്തില്‍ ശബരിമലയില്‍ ആചാരലംഘനം നടന്നതായി ദേവസ്വം വിജിലന്‍സ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കൊല്ല്ലത്തെ ഒരു പ്രമുഖ വ്യവസായി സുനിലിനെതിരെയും നടന്‍ ജയറാമിനെതിരെയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. വിഷു ഉല്‍സവത്തിനായി ശബരിമല നട പതിവിലും നേരത്തെ തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായും ദേവസ്വം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകുന്നേരമായിരുന്നു നട തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് മറികടന്ന് നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന്‍ ജയറാം സോപാനത്തില്‍ ഇടയ്ക്ക കൊട്ടിയത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ദേവസ്വം വിജിലന്‍സ് അറിയിച്ചു.