ശ്രീശാന്തിന് പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയം വിട്ടു നല്കുമെന്ന് ജിസിഡിഎ

തിങ്കള്‍, 27 ജൂലൈ 2015 (13:57 IST)
വിവാദമായ ഐ പി എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം എസ് ശ്രീശാന്തിന് പരിശീലനം നടത്തുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടു കൊടുക്കുമെന്ന് ജി സി ഡി എ. കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഒരു സ്വകാര്യ വാര്‍ത്താചാനലിനു അനുവദിച്ച അഭിമുഖത്തില്‍ ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌റ്റേഡിയം ജി സി ഡി എയുടെ പൂര്‍ണ അധികാരത്തിലാണെന്നും അത് ആര്‍ക്ക് വിട്ടുകൊടുക്കണമെന്നത് ജിസിഡിഎയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
 
വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിന് ബി സി സി ഐയുടെ ആജീവനാന്ത വിലക്കുള്ളതിനാല്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയമായ കലൂരില്‍ പരിശീലിക്കാന്‍ കഴിയില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍ ഇക്കാര്യം തള്ളിയാണ് ജി സി ഡി എ രംഗത്ത് എത്തിയിരിക്കുന്നത്.
 
അതേസമയം, കുറ്റവിമുക്തനായിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാത്ത ബി സി സി ഐ നടപടിയില്‍ ഇതിനം തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക