കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍വില ഉയര്‍ന്നു; കിലോയ്ക്ക് 107 രൂപയായി

വ്യാഴം, 10 മാര്‍ച്ച് 2016 (09:52 IST)
സംസ്ഥാനത്ത് റബ്ബര്‍ വില ഉയരുന്നു. ബുധനാഴ്ച ആര്‍ എസ് എസ് നാല് ഗ്രേഡ് റബറിന് 107 രൂപയായിരുന്നു വില. ആഗോളവിപണിയില്‍ ക്രൂഫ് ഓയില്‍ വില കൂടിയതാണ് റബ്ബറിന് വില വര്‍ദ്ധിക്കാന്‍ കാരണമായത്.
 
അഞ്ചാം ഗ്രേഡിന് 105 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 108 രൂപ വരെ ആയിരുന്നു. ഫെബ്രുവരി ആദ്യം ആര്‍ എസ് എസ് - നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി കുറഞ്ഞിരുന്നു.
 
റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങുന്നതെന്നതിനാല്‍  കര്‍ഷകര്‍ക്ക്  85 രൂപ വരെ മാത്രമാണ് ലഭിച്ചിരുന്നത്. 
 
റബറിന് 150 രൂപ വില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച വില സ്ഥിരതാ പദ്ധതിയിലേക്ക് കേരളം നീക്കിവെച്ച 500 കോടിക്കൊപ്പം കേന്ദ്രവും 500 കോടി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് തള്ളിയത് വിലസ്ഥിരതാ പദ്ധതിക്കും തിരിച്ചടിയാകും.

വെബ്ദുനിയ വായിക്കുക