തെരഞ്ഞെടുപ്പു അടുക്കുന്നു, കണ്ണൂരില്‍ ഇനി രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പരമ്പരയോ ?

ബുധന്‍, 17 ഫെബ്രുവരി 2016 (15:47 IST)
പാപ്പിനിശ്ശേരിയില്‍ ആര്‍ എസ് എസ് മുന്‍ മണ്ഡലകാര്യവാഹ് സുജിത്തിന്റെ കൊലപാതകത്തോടെ കണ്ണൂര്‍ ജില്ല വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങളുടെ വേദിയാകുമോ എന്ന ആശങ്ക ഉയരുകയാണ്. സി പി എമ്മാണ് കൊലപാതകത്തിനു പിന്നില്‍ എന്ന് ആര്‍ എസ് എസ് ആരോപിക്കുമ്പോള്‍ ഇത് രാഷ്‌ട്രീയ കൊലപാതകമല്ലെന്ന വിശദീകരണമാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്. 
 
കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് സി പി എം പ്രവര്‍ത്തകരെ ഇതിനോടകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരെ സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പിടിക്കാന്‍ കഴിഞ്ഞു എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉണ്ടായ ഈ സംഭവം മറ്റൊരു കൊലപാതക പരമ്പരയ്ക്കുള്ള തുടക്കമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. 

തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുജിത്തിനെ വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് തല്ലുന്നതിനിടയില്‍ കത്തികൊണ്ട് വെട്ടുകയും ചെയ്തു. ആക്രമത്തില്‍ സുജിത്തിന്റെ സഹോദരന്‍ ജയേഷിനും പരുക്കേറ്റു. പരിചയം ഉള്ളവര്‍ തന്നെയാണ് അക്രമിച്ചതെന്ന് ജയേഷ് പൊലീസിനോട് പറഞ്ഞു. വീട്ടു വളപ്പില്‍ വെട്ടേറ്റു വീണ സുജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
 
നേരത്തെ സി പി എം പ്രവര്‍ത്തകനായിരുന്ന സുജിത് പിന്നീട് ആര്‍ എസ് എസിലേക്ക് മാറുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആര്‍ എസ് എസ് ആരോപിക്കുന്നു. പൊലീസ് കസ്റ്റഡിയിലായ പത്തുപേരും സി പി എം പ്രവര്‍ത്തകരാണ്, ഇതില്‍ നിന്നും സി പി എമ്മിന്റെ പങ്ക് വ്യക്തമാണെന്നും ഇവര്‍ പറയുന്നു. 
 
പൊതു വിഷയങ്ങളില്‍ ഇടപെടുന്ന സുജിത്തിനെക്കുറിച്ച് ഇതുവരെ മറ്റൊരു തരത്തിലുള്ള ആരോപണം ഉണ്ടായിട്ടില്ലെന്ന് സുജിത്തുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ പി ജയരാജന്റെ വീടുള്‍പ്പെടുന്ന പ്രദേശത്ത് ബൂത്ത് ഏജന്റ് ആയിരുന്നു സുജിത്ത്. ഇതാണ് ആക്രമണത്തിന് പിന്നിലെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. അതേസമയം വെറും ഒരു വാക്കു തര്‍ക്കത്തിന്റെ പേരില്‍ ഇത്തരത്തില്‍ ക്രൂരമായ ഒരു കൊലപാതകം നടക്കാന്‍ സാധ്യത ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. 
 
എന്നാല്‍ ഇതൊരു രാഷ്‌ട്രീയ കൊലപാതകമല്ലെന്നും ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നുമാ സി പി എം വിശദീകരണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാപ്പിനിശ്ശേരിയിലെ കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകര്‍ പ്രതിയാകുന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, ഇ പി ജയരാജന്റെ നാട്ടില്‍ പാര്‍ട്ടി ഇത്തരത്തില്‍ ഒരു കൊലപാതകം നടത്തിയെങ്കില്‍ ജയരാജന് അതില്‍ പങ്കുണ്ടാകുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക