ഒന്നേകാല്‍ കോടി തട്ടിയെടുത്ത അസി.മാനേജര്‍ പിടിയില്‍
ശനി, 26 ഏപ്രില്‍ 2014 (15:51 IST)
ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ബാങ്ക് അസിസ്റ്റന്‍റ് മാനേജര്‍ അറസ്റ്റിലായി. കാട്ടാക്കടയ്ക്കടുത്ത് കാരക്കോണം മെഡിക്കല്‍ കോളേജ് കാമ്പസിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ അസിസ്റ്റന്‍റ് മാനേജര്‍ ചെന്നൈ മീനമ്പാക്കം സ്വദേശി പ്രഭു എന്ന 27 കാരനാണു അറസ്റ്റിലായത്.
ഒരു കോടി 23 ലക്ഷം രൂപയുടെ തട്ടിപ്പുകേസാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാരക്കോണം ശാഖയില്‍ ഇയാള്‍ അസിസ്റ്റന്‍റ്
മാനേജരായി എത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ ഇത്രയധികം തുക തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.
അടുത്തിടെ തിരുവനന്തപുരത്തെ ഒരു ശാഖയിലേക്ക് ഇയാള്‍ക്ക് മാറ്റം വന്നതോടെ ബാങ്കില്‍ നടത്തിയ അന്വേഷനത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. അവിവാഹിതനായ ഇയാള്‍ തമിഴ്‍നാട്ടിലെ റിട്ടയേഡ് പൊലീസ് ഡി.വൈ.എസ്.പിയുടെ മകനാണ്.
ബാങ്കില്‍ സ്വര്‍ണ്ണ പണയം വച്ചത് തിരികെ എടുത്തെങ്കിലും ഈ തുക ബാങ്കിലെ രേഖയില്‍ ചേര്‍ക്കാതെയായിരുന്നു വെട്ടിപ്പു നടത്തിയത്. ഇത്തരത്തില്‍ 35 പേരുടെ തുകയാണ് അടിച്ചുമാറ്റിയത്. ഓണ്‍ലൈന്‍ വഴി ഈ തുക ഐ.സി.ഐ.സി.ഐ ബാങ്കില്‍ ഇയാളുടെയും മാതാവിന്‍റെ പേരിലാണു നിക്ഷേപിച്ചത്.