സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടല്‍‍; കേസിലെ പ്രതി അറസ്റ്റില്‍

ശനി, 24 സെപ്‌റ്റംബര്‍ 2016 (12:57 IST)
സ്ത്രീകളെ ഉപയോഗിച്ച് യുവാക്കളുടെ പണവും ആഭരണവും മറ്റും തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴുതക്കാട് വിഘ്നേഷ് നഗര്‍ എ.എം.ഹൌസില്‍ ജോമോന്‍ എന്ന 23 കാരനാണു ഷാഡോ പൊലീസിന്‍റെ വലയിലായത്.
 
കേസിനാസ്പദമായ സംഭവം നടന്നത് ജൂലൈ മാസത്തിലാണ്. കവടിയാര്‍ നളന്ദ ജംഗ്ഷനടുത്ത് വീട് വാടകയ്ക്കെടുത്താണു ഇയാള്‍ സ്ത്രീകളെ ഉപയോഗിച്ച് ആളുകളെ വിളിച്ചു വരുത്തി പണവും മറ്റും തട്ടിയെടുത്തിരുന്നത്. സംഘാംഗമായ ഉഷയുടെ പേരിലായിരുന്നു വീട് വാടകയ്ക്കെടുത്തത്.
 
വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ ഉഷയും സംഘാംഗങ്ങളായ മഞ്ജു, ശ്രീലത എന്നിവര്‍ ചേര്‍ന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഇവിടേക്ക് വിളിച്ചു വരുത്തുകയും മുറിയില്‍ കയറ്റിയ യുവാവിനെ ജോമോന്‍റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇയാളുടെ വാച്ച്, സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നു. 
 
ഇതിനൊപ്പം പൂന്തുറയ്ക്കടുത്തു വച്ച് ആറു ലക്ഷവുമായി വന്ന ഒരാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പണം തട്ടിയതും ഇതേ സംഘമാണെന്ന് പൊലീസ് അറിയിച്ചു. ജോമോന്‍റെ കൂട്ടാളികളായ രഞ്ജിത്, അന്‍വര്‍, ജെയ്സണ്‍ എന്നിവരെ നേരത്തേ തന്നെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക