കേരളത്തില്‍ മാത്രമല്ല, ഋഷിരാജ് സിംഗ് പാകിസ്ഥാനിലും ഹീറോയാണ്!

ബുധന്‍, 31 ഓഗസ്റ്റ് 2016 (17:34 IST)
സ്‌ത്രീകളെ പതിനാല് സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചുനോക്കിയാല്‍ കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ എക്‍സൈസ് കമ്മീഷ്‌ണര്‍ ഋഷിരാജ് സിംഗിന് പാകിസ്ഥാനിലും പിന്തുണ. സിംഗിന്റെ പ്രസ്‌താവന പാക് ദിനപത്രമായ ഡോണില്‍ പ്രസിദ്ധീകരിച്ചതോടെയാണ് അദ്ദേഹം അയല്‍ രാജ്യത്തും ഹീറോ ആയത്. അഭിഭാഷകനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ റാഫിയ സക്കാരിയയാണ് ഡോണില്‍ ലേഖനം എഴുതിയത്.

പതിനാല് സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാം. ഇങ്ങനെ നിയമമുണ്ടെന്നും അതിക്രമം നേരിടുകയാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്തണമെണമെന്നുമാണ് സിംഗ് പറഞ്ഞത്.

ഇന്ത്യയിലേതിന് സമാനമാണ് പാകിസ്ഥാനിലെ അവസ്ഥയെന്ന് ലേഖനത്തില്‍ പറയുന്നു. എല്ലായിടത്തും തുറിച്ചു നോട്ടവും ഭയപ്പെടുത്തുന്ന നോട്ടവും പതിവാണ്. ചെറുപ്പക്കാരിയോ, വൃദ്ധയോ, പാവപ്പെട്ടവനോ ധനികനോ ആയാലും പാകിസ്ഥാനില്‍ തുറിച്ചു നോട്ടം നേരിടുന്നുണ്ടെന്നും റാഫിയ സക്കാരിയയുടെ ലേഖനത്തില്‍ പറയുന്നു.

തുറിച്ചു നോട്ടം ഇല്ലാത്ത ഒരു സ്ഥലവും പാകിസ്ഥാനില്‍ ഇല്ല. അതിനാല്‍ ഋഷിരാജിന്റെ അഭിപ്രായ പ്രകടനവും നിയമങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും അനുമോദിക്കപ്പെടേണ്ടതാണെന്നും ലേഖനത്തിന്റെ അവസാനം പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക