റിയോ ഡി ജനീറോയില്‍ നടക്കുന്നത് മൂവി കാമറയ്ക്ക് മുന്നിലെ ക്യാമറ ട്രിക്കല്ല; സല്‍മാന്‍ ഖാനെ ഒളിംപിക്സ്‌ ഗുഡ്‌വില്‍ അംബാസഡര്‍ ആക്കിയതിനെതിരെ ടോം ജോസഫ്

തിങ്കള്‍, 25 ഏപ്രില്‍ 2016 (15:26 IST)
റിയോ ഡി ജനീറോ ഒളിംപിക്സിന് ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറായി സല്‍മാന്‍ ഖാനെ നിയമിച്ചതിനെതിരെ മലയാളി വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ടോം അറിയിച്ചത്. റിയോ ഡി ജനീറോയിൽ നടക്കുന്നത് മൂവി കാമറയ്ക്ക് മുന്നിലെ ആക്ഷനും കട്ടിനും ഇടയിലെ ക്യാമറ ട്രിക്കല്ല. ഒളിംപിക്‌സിന് പോകുന്ന ഇന്ത്യക്കാരുടെ ഗുഡ്‌വില്‍ സല്‍മാന്‍ ഖാനെന്ന സൂപ്പര്‍ താരത്തെ ആശ്രയിച്ചുമല്ലെന്നും ടോം പറയുന്നു.
 
ടോം ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
“റിയോ ഡി ജനീറോയിൽ നടക്കുന്നത് മൂവി കാമറയ്ക്ക് മുന്നിലെ ആക്ഷനും കട്ടിനും ഇടയിലെ ക്യാമറ ട്രിക്കല്ല. ഒളിമ്പിക്സിന് പോകുന്ന ഇന്ത്യക്കാരുടെ ഗുഡ്‌വിൽ സൽമാൻ ഖാനെന്ന സൂപ്പർ താരത്തെ ആശ്രയിച്ചുമല്ല. ഉഷചേച്ചിയും അഞ്ജുവും മിൽക്കാ സിംഗും വിശ്വനാഥൻ ആനന്ദും സച്ചിനുമൊക്കെയായി എത്രയോ പേരുണ്ട് കായികരംഗത്ത് ഇന്ത്യയുടെ ഗുഡ്‌വിൽ ഉയർത്തിയവർ. അവരിലാരെങ്കിലും പോരേ റിയോയിലേക്ക് അംബാസഡറാകാൻ ???”

വെബ്ദുനിയ വായിക്കുക