പാലോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്; നിര്‍മ്മാണത്തിന് തടസ്സമുണ്ടെന്ന് തഹസില്‍ദാര്‍ - കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

വ്യാഴം, 4 ജനുവരി 2018 (11:12 IST)
ഐഎംഎയുടെ പാലോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. പ്ലാന്റ് തുടങ്ങുന്നതിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണം അനുവദിക്കാന്‍ നിയമതടസമുണ്ടെന്നാണ് നെടുമങ്ങാട് തഹസില്‍ദാര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാന്റിന് അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
നിയമതടസം ചൂണ്ടിക്കാട്ടുന്നതൊടെ പ്ലാന്റിന് അനുമതി നല്‍കാനാവില്ലെന്ന നിലപാ‍ടാണ് റവന്യൂ വകുപ്പ് കൈക്കൊണ്ടത്. ആകെയുള്ള 6.80 ഏക്കറില്‍ അഞ്ച് ഏക്കറും പാടമാണെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 40 കുടുംബങ്ങളും രണ്ട് പട്ടികജാതി കോളനികളും പ്രദേശത്ത് വസിക്കുന്നുണ്ടെന്നും കണ്ടല്‍ക്കാടും നീരുറവകളുമുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
നേരത്തെ ഐഎംഎയുടെ മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ വനംവകുപ്പും രംഗത്തെത്തിയിരുന്നു. അതേസമയം മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴികളൊന്നും കാണുന്നില്ല. പ്ലാന്റുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍