നറുക്കെടുപ്പിന് കേവലം 13 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. വിതരത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ ഇന്നലെ ( ജനുവരി - 23 ) വരെ 33 ലക്ഷത്തി 78 ആയിരത്തി 990 ടിക്കറ്റുകള്‍ വിറ്റു പോയതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റു വില്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.
ബമ്പര്‍ ടിക്കറ്റു വില്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് 6, 95, 650 ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകള്‍ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയില്‍ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് - നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നല്‍കുന്നത്.
20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.