സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും; ജയ അരി കിലോക്ക് 29 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 മാര്‍ച്ച് 2024 (10:40 IST)
സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
സപ്ലൈകോ സബ്സിഡിയായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് വിപണിയില്‍ എത്തിക്കുന്നത്. റേഷന്‍ കാര്‍ഡ് ഒന്നിന് മാസംതോറും അഞ്ച് വിലോ അരി വീതം നല്‍കും. ഇതോടൊപ്പം സപ്ലൈകോയില്‍ നിന്ന്  സബ്സിഡി നിരക്കില്‍ ലഭിക്കുന്ന മറ്റ് അരികള്‍  കാര്‍ഡ് ഒന്നിന് അഞ്ച് കിലോവീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
 
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യുവാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിതയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു. സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയില്‍ താഴെയാണു തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍