2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പദ്മജ തോല്‍വി വഴങ്ങിയിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം കാലുവാരിയതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് പദ്മജ പരോക്ഷമായി പലപ്പോഴും ആരോപിച്ചിരുന്നു. 2021 ല്‍ 946 വോട്ടുകള്‍ക്കാണ് പദ്മജയുടെ തോല്‍വി. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നത് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതിലും പദ്മജയ്ക്ക് നീരസമുണ്ട്. ഇതെല്ലാം പദ്മജയുടെ ബിജെപി പ്രവേശനത്തില്‍ നിര്‍ണായക സ്വാധീനമായി.
ബിജെപിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പദ്മജ തന്നെ സമൂഹമാധ്യമത്തിലൂടെ അതിനെ തള്ളുകയായിരുന്നു. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നും അത് അടിസ്ഥാന രഹിതമാണെന്നും പദ്മജ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിക്കുകയായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് പദ്മജ.