റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന 'ഒപ്പം' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഇന്നു നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനുവല്‍ ട്രാന്‍സാക്ഷന്‍ മുഖേന റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവല്‍ രജിസ്റ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിംഗ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും.