പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പള്ളിവികാരിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരി ഫാദര്‍ എഡ്വന്‍ ഫിഗറസിനെതിരെയാണ് പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട് പൊലീസിന്റെ കൈവശമായതിനാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വികാരിക്കെതിരെ ഇടവകാംഗമായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പതിനാല് വയസ്സുള്ള മകളെ കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ തുടര്‍ച്ചായായി പീഡിപ്പിച്ചുവെന്നണ് പരാതി. പരാതി നല്‍കിയതിനു പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ ഹൈക്കൊടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ഈ ഹര്‍ജിയില്‍ കഴിഞ്ഞ അഞ്ചു വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ താല്‍ക്കാലിക വിധി വന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഫാദര്‍ എഡ്വിന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പുത്തന്‍വേലിക്കര സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍ പി കെ മനോജ് കുമാര്‍ മുമ്പാകെ ഹാജരായി. ഇയാളെ നാല് മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്‍തു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയതോട് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ 16 വര്‍ഷമായി പരിചയമുണ്ടെന്നും ഇവര്‍ക്ക് തന്നോട് വ്യക്തിപരായ വിരോധം ഉണ്ടെന്നുമാണ് ഫാദര്‍ എഡ്വിന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സഭയിലെ തന്നെ ചില വൈദികരുമായി ഇവര്‍ തന്നെ കള്ളകേകില്‍ കുടുക്കുകയായിരുന്നുവെന്ന് ഫാദര്‍ എഡ്വിന്‍ ആരോപിക്കുന്നു.