മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആർ എസ് എസ് പ്രതിഷേധമുണ്ടാകുമെന്ന പേരില്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധസ്വരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെത്തില രംഗത്ത്. മുഖ്യമന്ത്രിയെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
പിണറായി വിജയനെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമാണ്. കേരളത്തെ അപമാനിക്കുന്ന നടപടിയാണ് ഭോപ്പാലില്‍ ഉണ്ടായിരിക്കുന്നത്. ശക്തമായ പ്രതിഷേധം ഇതില്‍ രേഖപ്പെടുത്തുന്നു. ഈ നടപടിയെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹകരണ ബാങ്കുകളില്‍ കണക്കില്‍പ്പെടാത്ത നിക്ഷേപം ഉണ്ടെങ്കില്‍ പരിശോധിക്കാം. നബാര്‍ഡ് നടത്തുന്ന പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ മുഖ്യമന്ത്രിയെ തടഞ്ഞ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. കേരള മുഖ്യമന്ത്രിയെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നത് ഫെഡറൽ സംവിധാനത്തിന്റെ മര്യാദകളുടെ ലംഘനമാണ്. ഇതിലൂടെ കേരളത്തെ തന്നെയാണ് മധ്യപ്രദേശ് സർക്കാർ അപമാനിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഭോപ്പാല്‍ നടപടിയെ ന്യായീകരിക്കുകയുമാണ് ചെയ്തത്. സംസ്ഥാനത്ത് ബി ജെ പി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശത്തെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നത്. ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നും കുമ്മനം പറയുന്നു.