സര്‍ക്കാരിന്റെ പിടിപ്പ്കേട് കൊണ്ടാണ് സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടിയത്: ചെന്നിത്തല

ശനി, 10 സെപ്‌റ്റംബര്‍ 2016 (16:22 IST)
സൗമ്യ വധക്കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വീഴ്ച മറച്ചു വയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇടത് സര്‍ക്കാര്‍ കേസ് നടപടികൾ ജാഗ്രതയോടെയല്ല പിന്തുടര്‍ന്നത്. വേണ്ടത്ര രീതിയില്‍ ഗൃഹപാഠം നടത്താതെ വളരെ ലാഘവത്തോടെയാണ് സർക്കാർ ഈ കേസ് സുപ്രീംകോടതിയിൽ കൈകാര്യം ചെയ്തതെന്നും ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു    
 
ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
സൗമ്യവധക്കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച പ്രഗത്ഭനായ ജസ്റ്റീസ് തോമസ് പി.ജോസഫിനെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ കേസ് നടപടികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നില്ല. കേസ് എന്നാണ് സുപ്രീംകോടതിയിലെത്തുന്നതെന്ന് പോലും സര്‍ക്കാരിന് അറിവില്ലായിരുന്നു. പുതിയ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാന്റിംഗ് കോണ്‍സലിന് കേസില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയി. അത്യാവശ്യം ഗൃഹപാഠം പോലും നടത്താതെ വളരെ ലാഘവത്തിലാണ് സര്‍ക്കാര്‍ കേസ് സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്തത്. 
 
കേരള ജനതയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചതായിരുന്നു സൗമ്യയുടെ കൊലപാതകം. ആ വികാരം മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേസ് നടത്തിയത്. പ്രതിയെ കൈയ്യോടെ പിടികൂടുകയും കോടതിയില്‍ നിന്ന് രക്ഷപ്പെട്ടു പോകാത്ത തരത്തില്‍ കേസ് ഫ്രെയിം ചെയ്യുകയും ചെയ്തു. കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആ സൂക്ഷതയെയും ജാഗ്രതയെയും തട്ടിത്തെറിപ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ പിടിപ്പ് കേട് കൊണ്ട് മാത്രമാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയത്.

വെബ്ദുനിയ വായിക്കുക