തങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ ദൃശ്യമാധ്യമങ്ങള്‍ തിരുത്താറില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തരപ്രമേയത്തിന് മറുപടി നല്കവേയാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്. അരുവിക്കര വോട്ടെണ്ണലിന് ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതും ഗണേഷ്‌കുമാറിന്റെ വീടിന് നേരെയുണ്ടായ കല്ലേറും ഉന്നയിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തു നിന്ന് പി ശ്രീരാമകൃഷ്‌ണന്‍ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. യു ഡി എഫിനെതിരെ നിരന്തരം വാര്‍ത്ത കൊടുത്തതിന്റെ പ്രതികാരമാണ് നികേഷിന് എതിരെയുണ്ടായ അതിക്രമമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി നികേഷിന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്രമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കും. എല്ലാം ഭദ്രമാണെന്ന് പറയുന്നില്ലെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.