ഓടിക്കാനാളില്ല, കേരളത്തിനോട് റയില്‍വേയ്ക്ക് ഇപ്പോഴും ചിറ്റമ്മ നയം തന്നെ
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (08:31 IST)
കേരളത്തിലെ റയില്‍വേ യാത്രാക്കാരുടെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ രണ്ടു ഡിവിഷനുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ദുരിതം സഹിച്ച് യാത്ര ചെയ്യാന്‍ തന്നെ മലയാളികളുടെ വിധി. ഓടിക്കാത്ത സമയത്ത് വെറുതേ ഇടുന്ന കോച്ചുകള്‍ കൊണ്ട് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ലോക്കോ പൈലറ്റുമാരില്ല എന്നാണ് റയില്‍വേയുടെ ന്യായം.
തിരുവനന്തപുരത്തു നിന്നു പാലക്കാട് ടൌണിലേക്കുള്ള അമൃത എക്സ്പ്രസിന്റെ റേക്കുകള്‍ പകല്‍ വെറുതേ കിടക്കുകയാണ്. എന്നാല്‍ ഇത് കായം കുളം വരെ ഇന്റെര്‍സിറ്റിയായി ഓടിക്കാന്‍ സാധിച്ചാല്‍ യാത്രാ പ്രശ്നങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ ഇത് ആവശ്യപ്പെട്ട ജനപ്രതിനിധികള്‍ക്ക് 'ക്രൂ ഇല്ല എന്ന മറുപടിയാണ് റയില്‍വേ നല്‍കിയത്.
ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം സ്പെഷല്‍ ട്രെയിനുകള്‍വരെ റദ്ദാക്കേണ്ട സാഹചര്യമാണ്. ഉള്ളവര്‍ ദിവസം മുഴുവന്‍ പണിയെടുത്താലും തീരാത്ത ജോലി കേരളത്തിലെ രണ്ടു ഡിവിഷനുകളിലുമുണ്ടെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്, ചെന്നൈ- ഗുരുവായൂര്‍ കൂടല്‍ എക്സ്പ്രസ് എന്നിവയുടെ റേക്കുകളും പകല്‍ അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാതെ വെറുതെ കിടക്കുകയാണ്. മലബാറില്‍നിന്നു ഗുരുവായൂരിലേക്കുള്ള ഇന്റര്‍സിറ്റിയാക്കി ഇവ ഓടിക്കാമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ഇവയ്ക്കെല്ലാം ഒരോ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമാണ്. എന്നാല്‍ ലോക്കോ പൈലറ്റ് ആവശ്യത്തിനില്ലെങ്കില്‍ തല്‍ക്കാലം കൂടുതല്‍ റേക്ക് ഉപയോഗിക്കാതെ തന്നെ ഇപ്പോഴുള്ളവയുടെ സര്‍വീസുകള്‍ നീട്ടുന്ന കാര്യം നിരവധി തവണ ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിട്ടും റയില്‍വേ കേട്ടമട്ടില്ല. കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് ഇതിനൊരു ഉദാഹരണമാണ്.