റെയില്‍വേയുടെ മുന്നോട്ടുള്ള കുതിപ്പിന് ബജറ്റ് ചങ്ങലയിട്ടു: മുഖ്യമന്ത്രി

വെള്ളി, 27 ഫെബ്രുവരി 2015 (11:32 IST)
പുതിയ ട്രെയിനുകളും പദ്ധതികളും പ്രഖ്യാപിക്കാത്ത റെയില്‍വേ ബജറ്റ്
നിരാശാജനകമാണെന്നും. റെയില്‍വേയുടെ മുന്നോട്ടുള്ള കുതിപ്പിനെ ബജറ്റ് പിന്നോട്ട് വലിച്ചെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

റെയില്‍വേ ബജറ്റില്‍ കേരളത്തിന്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ലഭിച്ചത്. മധ്യകേരളത്തിലെ പാതയിരട്ടിപ്പിക്കലിന്റെ കാര്യത്തില്‍ മാത്രമാണ് കേരളത്തിന് അല്‍പമെങ്കിലും നീതി ലഭിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ മുഖ്യ ആവശ്യമായ ശബരിമല പാതയുടെ കാര്യത്തില്‍ നിരാശയായിരുന്നു ഫലലെന്നും അദ്ദേഹം പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പത്തു ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ചെലവു പങ്കിടാന്‍ തയാറായ നിലമ്പൂര്‍ - കഞ്ചിക്കോട് പദ്ധതി പരിഗണിച്ചിട്ടുപോലുമില്ല. സബര്‍ബന്‍ റെയിലിന്റെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡീസല്‍, പെട്രോള്‍ വില കുറഞ്ഞെങ്കിലും ചരക്കു കൂലി വീണ്ടും കൂട്ടുകയാണു ചെയ്തത്.  യാത്രക്കൂലിയിലും ചരക്കു കൂലിയിലും ഇളവ് വരുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക