Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികളിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത് ശബ്ദസന്ദേശങ്ങള്‍. രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍ എന്നിവരാണ് രാഹുലിനെതിരായ കര്‍ക്കശ നിലപാടിനു പിന്നില്‍. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അത് ചിലപ്പോള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഷാഫി പറമ്പിലിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ കെപിസിസി നേതൃത്വവും നിലപാട് മയപ്പെടുത്തി.
രാഹുലിന്റെ രാജിയില്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കെപിസിസി നേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു. രാഹുലിനു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന കെപിസിസി ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ രാജിക്കായി ഉറച്ചുനിന്ന നേതാക്കള്‍ മയപ്പെട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കരുതെന്ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയം ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുമ്പോള്‍, തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കുന്നത് കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും എതിരാളികള്‍ പാര്‍ട്ടിക്കെതിരെ പ്രചാരണ ആയുധമാക്കും എന്നാണ് ആശങ്ക.
എംഎല്‍എയായി തുടരാമെങ്കിലും അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുമോ എന്ന കാര്യം സംശയമാണ്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ അവധി അപേക്ഷ നല്‍കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭയിലെത്തിയാലും രാഹുലിനു കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടെയല്ലാതെ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. മാധ്യമങ്ങളെ കാണാനും രാഹുല്‍ തയ്യാറല്ല.