കർണാടകയിലെ സ്വകാര്യ നഴ്സിങ് കൊളെജിലെ മലയാളി വിദ്യാർത്ഥിനി സീനിയേഴ്സ് വിദ്യാർത്ഥിനികളാൽ റാഗിങിനിരയായ സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.
കൊല്ലം സ്വദേശിയായ രശ്മി, ഇടുക്കി സ്വദേശിനികളായ ആതിര, ശിൽപ്പ, കൃഷ്ണ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ കോപ്പി ഗുൽബർഗ പൊലീസിന് കൈമാറി. റാഗിങ് നടത്തിയ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കോളെജ് അധികൃതർക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ ഒരു വാർത്താചാനലിനോട് പറഞ്ഞു.
പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്‌സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. തനിക്ക് അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. എന്നാല്‍ ക്രൂരമായ റാഗിങ് നടക്കുന്നത് മനസ്സിലാകാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഓര്‍ത്ത് വിങ്ങുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.