'ഗാന്ധിജിയുടെ പാര്‍ട്ടി ചില മണികിലുക്കങ്ങള്‍ കേട്ട് ഭയപ്പെട്ടുപോയി’

ബുധന്‍, 6 ഓഗസ്റ്റ് 2014 (09:44 IST)
കോണ്‍ഗ്രസിനെതിരേ വീണ്ടും പി ടി തോമസ്. ഗാന്ധിജിയുടെ പാര്‍ട്ടി ചില മണികിലുക്കങ്ങള്‍ കേട്ട് ഭയപ്പെട്ടുപോയതായി മുന്‍ ഇടുക്കി എംപി പി ടി തോമസ് കുറ്റപ്പെടുത്തി. ഗാഡ്ഗില്‍ സമരം സ്‌പോണ്‍സര്‍ ചെയ്തത് തടി മാഫിയയാണെന്ന് അദ്ദേഹം ആരോപിച്ചു.
 
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ നിന്ന് തന്റെ പാര്‍ട്ടി ചില മണികിലുക്കങ്ങള്‍ കേട്ട് ഭയന്ന് പിന്മാറി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരം സ്‌പോണ്‍സര്‍ ചെയ്തത് തടി മാഫിയയാണെന്നും പിടി തോമസ് പറഞ്ഞു. 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തന്റെ ശവ ഘോഷയാത്ര നടക്കുന്നത് കാണാനുള്ള ഭാഗ്യവുമുണ്ടായി. തന്റെ പാര്‍ട്ടി പ്രകൃതി സംരക്ഷണം മുഖ്യ അജണ്ടയാക്കുന്ന ഒരു കാലം വരുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ വ്യക്തിപരമായ നഷ്ടങ്ങളെ താന്‍ വെല്ലുവിളിയായി നേരിടുന്നുവെന്നും പിടി തോമസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക