കെ-റെയി‌ലിനെതിരെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകളും

വ്യാഴം, 17 മാര്‍ച്ച് 2022 (16:29 IST)
ചങ്ങനാശ്ശേരി മടപ്പള്ളിയില്‍ കെ- റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. അഞ്ചുമണിക്കൂറോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പോലീസെത്തി ബലം പ്രയോഗിച്ചാണ് സമരക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കിയത്. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിച്ചു.
 
കെ റെയിലിനെതിരെ പ്രതിഷേധവുമായെത്തിയ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.സ്ഥലത്തെത്തിയ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. സര്‍വേക്കല്ലുകളുമായി എത്തിയ വാഹനത്തിന് നേര്‍ക്ക് ഇവർ കല്ലെറിയുകയും ചെയ്‌തു.
 
ഇതിനിടെ സ്ത്രീകളിൽ ചിലർ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി.പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ തത്കാലത്തേക്ക് മടങ്ങുകയും ചെയ്‌തു. എന്നാൽ പോലീസ് പ്രദേശത്ത് നിന്നും പിന്മാറാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍