ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കണമെന്ന് ആവശ്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 മാര്‍ച്ച് 2025 (12:11 IST)
സംസ്ഥാനത്ത് ബസുടമകളും സമരത്തിലേക്ക് പോകുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ബസ്സുടമകള്‍ ആവശ്യപ്പെടുന്നത്. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയാണെന്നും പുതിയ അധ്യായന വര്‍ഷത്തില്‍ പുതിയ നിരക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. 
 
ഇത് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങും. കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ബസ്സുകളില്‍ സഞ്ചരിക്കുന്നവരില്‍ ഭൂരിഭാഗവും. ഇവരില്‍നിന്ന് ഒരു രൂപ മാത്രം വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ലെന്നും ബസുടമകള്‍ പറയുന്നു. 
 
ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകണം. ഇതിനുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകും. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും സംഘടന അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article