‘പ്രേമ’ ത്തിനെതിരെ കമല്‍; കമലിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

തിങ്കള്‍, 27 ജൂലൈ 2015 (18:21 IST)
‘പ്രേമ’ത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സംവിധായകന്‍ കമലിന് സോഷ്യല്‍ മീഡിയയുടെ മറുപടി. ചിത്രത്തില്‍ വിദ്യാര്‍ത്ഥി അധ്യാപികയെ പ്രേമിക്കുന്നത് തെറ്റായ സന്ദേശം നല്കുന്നതാണെന്ന് പറഞ്ഞ കമലിന് ‘മഴയെത്തും മുമ്പേ’ ചിത്രത്തില്‍ വിദ്യാര്‍ത്ഥിനി അധ്യാപകനെ പ്രേമിക്കുന്നതിന് കുഴപ്പമില്ലേ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
 
ടീച്ചറെ വിദ്യാര്‍ത്ഥി പ്രണയിച്ചാല്‍ യുവത്വം വഴി തെറ്റും; അപ്പോള്‍ അധ്യാപകനെ വിദ്യാര്‍ത്ഥിനി പ്രണയിച്ചാല്‍ കുഴപ്പമില്ലേ എന്നാണ് ഫേസ്‌ബുക്കിലെ ചോദ്യം. ‘മഴയെത്തും മുമ്പേ‘ പ്രേമത്തിനും മുമ്പേ കണ്ടതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നതെന്നും വ്യക്തമാക്കുന്നു.
 
വിദ്യാര്‍ത്ഥി അധ്യാപികയെ സ്നേഹിക്കുന്നത് തെറ്റായ സന്ദേശവും അധ്യാപകനെ സ്നേഹിക്കുന്നത് ഉദാത്തമായ സംഗതിയുമാണോ എന്നും ചോദിക്കുന്നുണ്ട്. ഇവിടെയും ആണ്‍, പെണ്‍ വിവേചനമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
 
അസൂയ നന്നല്ലെന്ന് കമലിനെ ഉപദേശിക്കുന്ന ഒരു ഫേസ്‌ബുക്കി. ‘മഴയെത്തും മുമ്പേ’ കണ്ട് എത്ര കോളജ് കുമാരികള്‍ അധ്യാപകനെ സ്നേഹിച്ചെന്നും ചോദിക്കുന്നുണ്ട്.
 
കമലിന്റെ സിനിമകള്‍ എണ്ണിപ്പറഞ്ഞ് അതിലെ ഓരോ പോരായ്‌മകളും എടുത്തു പറഞ്ഞ് കമലിനെ വിമര്‍ശിക്കാനും മടിക്കുന്നില്ല. സമൂഹത്തെ നന്നാക്കാന്‍ മാത്രം സിനിമയെടുത്തയാളാണ് കമലെന്നും നായകന്റെ മൂന്നു ജീവിതകാലഘട്ടങ്ങള്‍ പറഞ്ഞ പ്രേമത്തിന്റെ സംവിധായകന്‍ കൊടുംഭീകരനും സാമൂഹ്യവിരുദ്ധനുമാണെന്ന് പരിഹസിക്കുന്നുമുണ്ട് സോഷ്യല്‍ മീഡിയ.
 

വെബ്ദുനിയ വായിക്കുക