'പ്രേമ'ത്തിന്റെ പകര്‍പ്പ് പ്രചരിപ്പിച്ച കേസില്‍ 40 പേര്‍കൂടി ഉടന്‍ പിടിയിലാകുമെന്ന് സൂചന
ചൊവ്വ, 28 ജൂലൈ 2015 (12:00 IST)
'പ്രേമം' സിനിമയുടെ സെന്‍സര്‍ പകര്‍പ്പ് സംസ്ഥാനത്ത് പ്രചരിക്കാനിടയായ കേസില്‍ പ്രധാനപ്പെട്ട 40 പ്ര്കൂടി ഉടന്‍ പൊലീസ് പിടിയിലാകുമെന്ന് റിപ്പോര്‍ട്ട്. സെന്‍സര്‍കോപ്പി ചോര്‍ത്തിയ ആദ്യയാളെയും അപ്ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു.
ഇവര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതനുസരിച്ച് മറ്റുള്ളവരേയും അറസ്റ്റ് ചെയ്യും. പോലീസ് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഏറെയും കൊല്ലം ജില്ലയിലുള്ളവരാണ്. അതേസമയം അറസ്റ്റിലായ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍കാലിക ജീവനക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സെന്‍സറിങ്ങിന് നല്‍കിയ ഭൂരിപക്ഷം സിനിമകളും മൂന്നംഗസംഘം പകര്‍ത്തിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ നിരവധി ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നതായും സെന്‍സറിങ്ങിന് കൊണ്ടുവരുന്ന സി.ഡി., ഡി.വി.ഡി. എന്നിവ സെന്‍സറിങ് ഓഫീസര്‍ അറിയാതെ കൈക്കലാക്കി അത് ലാപ്‌ടോപ്പ് വഴി പെന്‍ഡ്രൈവില്‍ കോപ്പി ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. 'പ്രേമം' സിനിമ പകര്‍ത്തിയവരെ പിടികൂടിയ പോലീസ് സംഘത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമോദിച്ചു.