സോളർ കമ്മീഷന്‍ പരിധിവിടുന്നു; ജഡ്‌ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചും വിമര്‍ശിക്കാം- പിപി തങ്കച്ചൻ

തിങ്കള്‍, 15 ഫെബ്രുവരി 2016 (14:48 IST)
തിരുവനന്തപുരം: സോളർ കമ്മീഷന്‍ മുൻവിധിയോടെയാണ് പെരുമാറുന്നതെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ. ചില സമയങ്ങളിൽ കമ്മീഷന്‍ പരിധിവിടുകയാണ്. ജ‍‍ഡ്ജിമാരെ വിമർശിക്കരുതെന്ന് പറയുന്നത് ശരിയല്ല. ജഡ്ജിമാർക്ക് വിമർശിക്കാമെങ്കിൽ തിരിച്ചുമാകാമെന്നും തങ്കച്ചന്‍ പറഞ്ഞു.

കമ്മിഷൻ മുൻവിധിയോടെയാണ് പെരുമാറുന്നത്. ജഡ്ജിമാർക്ക് പരിധി വിടാമെങ്കിൽ എന്തുകൊണ്ടാണ് ജനപ്രതിനിധികൾക്ക് അത് കഴിയാത്തതെന്നും തങ്കച്ചൻ ചോദിച്ചു.

സോളർ കമ്മീഷനെ അനാദരിച്ചെന്ന ആക്ഷേപത്തിൽ മന്ത്രി ഷിബു ബേബി ജോണിനെതിരെ രൂക്ഷമായ വിമർശനമാണ് കമ്മിഷൻ നടത്തിയത്. മന്ത്രിസ്ഥാനത്തിരുന്നുള്ള ഇത്തരം പരാമർശങ്ങൾ ഉചിതമല്ല. മറുപടി തൃപ്തികരമല്ലെങ്കിലും ഖേദപ്രകടനം അംഗീകരിക്കുകയാണെന്ന് കമ്മിഷൻ അറിയിച്ചു.

സോളാര്‍ കമ്മീഷന്റെ വിചാരണയ്ക്ക് 15 മണിക്കൂര്‍ മുഖ്യമന്ത്രി ചെലവഴിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ട വായ്‌നോക്കികളുടെ മുന്നില്‍ വിലപ്പെട്ട സമയം കളഞ്ഞത് ശരിയായില്ലെന്നും താനടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചതാണെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക