പൂഞ്ഞാര്‍ മണ്ഡലത്തില്‍ പിസി ജോര്‍ജ് സിപിഎമ്മിന് തലവേദനയാകുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ജോര്‍ജ് താന്‍ സിപിഎം സ്ഥാനാര്‍ഥിയാണെന്ന വാദവുമായിട്ടാണ് പ്രചാരണം നടത്തുന്നത്. സിപിഎം അണികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ജോര്‍ജിന്റെ പ്രചാരണത്തില്‍ നേരിട്ട് പങ്കാളികളാവുകയും ചെയ്യുന്നതാണ് ഇടതിന് തിരിച്ചടിയായി തീര്‍ന്നിരിക്കുന്നത്.
എൽഡിഎഫിലെടുത്തില്ലെങ്കിലും പ്രവർത്തകരെല്ലാം തന്നോടൊപ്പമാണെന്ന ജോർജിന്റെ അവകാശവാദം പൊളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് കഴിയാതെ വന്നതോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മണ്ഡലത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്. ജോർജിനെ എൽഡിഎഫിലെടുക്കേണ്ടെന്ന് കർശന നിലപാടെടുത്ത പിണറായിക്ക് ഇവിടെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പിസി ജോസഫിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്.
എന്നാല്‍, പ്രാദേശിക നേതാക്കള്‍ക്ക് ജോര്‍ജിന്റെ പ്രചരണത്തെ വെല്ലുവിളിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രചാരണത്തില്‍ വളരെ വേഗം അതിശക്തമായി മുന്നേറുന്ന ജോര്‍ജിനെ തളയ്‌ക്കാനാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പിണറായി മണ്ഡലത്തിലെത്തിയത്. പൂഞ്ഞാറിലെത്തിയ പിണറായി നേതാക്കളെ ശാസിക്കുകയും പിസി ജോസഫിന്റെ ജയത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും അദ്ദേഹം അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതുപോലെയുള്ള പ്രവര്‍ത്തനം വിജയകരമല്ലെന്നും കൂടുതല്‍ പ്രവര്‍ത്തനവും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കണമെന്നുമാണ് പിണറായി നിര്‍ദേശം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ പിസി ജോര്‍ജിനുള്ള സ്വാധീനം പിണറായിയെ ഭയപ്പെടുത്തുന്നുണ്ട്. മുസ്ലിം വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയുള്ള അദ്ദേഹത്തെ തടുക്കാന്‍ സകല തന്ത്രങ്ങളും പയറ്റണമെന്നാണ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിപിഎമ്മിലെ നല്ലൊരു ശതാനം പ്രവര്‍ത്തകരും ജോര്‍ജിന് പിന്തുണ രഹസ്യമായി പിന്തുണ നല്‍കുന്നുമുണ്ട്. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നശേഷവും മുന്നണി സ്ഥാനാര്‍ത്ഥിക്കായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവഞ്ഞതാണ് സിപിഐമ്മിനെ ഭയപ്പെടുത്തുന്നത്.
ഒരുവിഭാഗം നേതാക്കള്‍ ജോര്‍ജിന് അനൂകലമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. കൂടാതെ പല സിപിഎം നേതാക്കളും ജോര്‍ജിന്റെ വിജയം ആഗ്രഹിക്കുന്നുമുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതിലേക്ക് വന്നില്ലായിരുന്നുവെങ്കില്ലും കാഞ്ഞിരപ്പള്ളി രൂപതയുടെ എതിര്‍പ്പ് നേരിടേണ്ടി വന്നില്ലായിരുന്നുവെങ്കിലും ജോര്‍ജ് ഇടത് സ്ഥാനാര്‍ഥിയാകുമായിരുന്നുവെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മീനച്ചൽ താലൂക്കിലെ ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, തെക്കേക്കര, തിടനാട് പഞ്ചായത്തുകളും, കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.