നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛനെ മാത്രമല്ല, എന്റെ സ്വപ്നങ്ങളെക്കൂടി ആയിരുന്നു; ചോദ്യം കണ്ണൂരിലെ പന്ത്രണ്ടുവയസ്സുകാരിയുടേതാണ്

വെള്ളി, 10 മാര്‍ച്ച് 2017 (16:31 IST)
'നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു'?. ചോദ്യം കണ്ണൂരിലെ ഒരു പന്ത്രണ്ട് വയസ്സുകാരിയുടേതാണ്. കണ്ണൂരിൽ കൊലചെയ്യപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സന്തോഷ് കുമാറിന്റെ മകൾ വിസ്മയ ആണ് അക്രമ രാഷ്ട്രീയങ്ങളെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ഹിന്ദിയിൽ എഴുതിയ പ്ലക്കാർഡും പിടിച്ച് വിസ്മയ നിൽക്കുന്ന വീഡിയോ ആണ് ഫേസ്ബുക്കിൽ പ്രചരിയ്ക്കുന്നത്. ഈ വര്‍ഷം ജനുവരി ആദ്യമാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിസ്മയയുടെ പിതാവ് സന്തോഷ് വീട്ടിനുള്ളില്‍ കൊല്ലപ്പെടുന്നത്. 
 
ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണച്ചു എന്ന ഒറ്റക്കാരണത്താല്‍ അച്ഛനെ അവര്‍ കൊന്നുവെന്ന് വീഡിയോയിൽ പറയുന്നു. ഒരു രാത്രി കൊണ്ട് ഞങ്ങളുടെ സ്വപ്നങ്ങൾ അവസാനിച്ചു. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛനെ മാത്രമല്ല, എന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ആണെന്ന് വിസ്മയ പറയുന്നു.

വെബ്ദുനിയ വായിക്കുക