തലസ്ഥാന നഗരിയിലും പരിസരങ്ങളിലുമായി സുരക്ഷ ശക്തമാക്കുക എന്ന ലക്‍ഷ്യത്തോടെ നടത്തിയ മിന്നല്‍ പരിശോധനയിലും സ്പെഷ്യല്‍ കോംബിംഗിലുമായി ആയിരത്തി അഞ്ഞൂറോളം പേരെ പൊലീസ് പിടികൂടി. ക്രിസ്മസ് - പുതുവത്സര ദിവസങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നതിന്‍റെ ഭാഗമായാണു വ്യാപകമായ റെയ്ഡുകള്‍ ചൊവ്വാഴ്ച നഗരത്തില്‍ നടത്തിയത്.
വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 12 പ്രതികള്‍ ഉള്‍പ്പെടെ 271 വാറണ്ട് പ്രതികളും പിടിയിലായവരില്‍ പെടും. ഇവരില്‍ വളരെക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന വിഴിഞ്ഞം ഷമ്മി, രവീന്ദ്രന്‍, സജു എന്നിവരെ വിഴിഞ്ഞം പൊലീസ്സ്റ്റേഷനിലും കരിക്കകം സജുവിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലുമാണു അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കയറി സ്ഥിരമായി മാലപൊട്ടിക്കല്‍ പതിവാക്കിയ പേയാട് സ്വദേശ് രാജേഷ്, കുണ്ടമണ്‍ കടവ് സ്വദേശി അനുദാസ് എന്നിവരെ പൂജപ്പുര പൊലീസും പിടികൂടി. ഇതിനൊപ്പം മദ്യപിച്ച് വാഹനം ഓടിച്ച 70 പേരെയും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു 210 പേരെയും പിടികൂടി. ഇതുകൂടാതെ വാഹന പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 1281 പേരെയും പൊലീസ് വലയിലാക്കി. ഇത്തരം റെയ്ഡുകള്‍ തുടര്‍ന്നും നടത്തുമെന്ന് പൊലീസ് ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.