'കാപ്പ' ചുമത്താൻ പൊലീസിന് അധികാരം നൽകണമെന്ന് പൊലിസ്, ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്

വെള്ളി, 23 ഒക്‌ടോബര്‍ 2020 (07:52 IST)
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) ചുമത്താൻ പൊലീസിന് അനുമതി നൽകണം എന്ന് പൊലീസ് ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ടിൽ ശുപാർശ. നിലവിൽ ഈ അധികാരം ജില്ലാ കളക്ടർക്കാണ് ഉള്ളത്. കളക്ടർമാരുടെ ജോലിഭാരം വർധിയ്ക്കുന്നതിനാലും കാപ്പ ചുമത്തുന്നതിൽ കാലതാമസം നേരിടുന്നതിനാലും ഡിഐജി റാങ്ക് മുതൽ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് കാപ്പ ചുമത്താനുള്ള അധികാരം നൽകണം എന്നാണ് ശുപാർശ.
 
ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയാണ് ശുപർശ മുന്നോട്ടുവച്ചിരിയ്ക്കുന്നത്. മുൻ ജയിൽമേധാവി ഡോ അലക്‌സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാവിദഗ്‌ധൻ ഡോ പി വിനോദ് ഭട്ടതിരിപ്പാട് എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഹാരാഷ്ട്രയിലേതിന് സമാനമായി സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം സംസ്ഥാനത്തും കൊണ്ടുവരണം. അഴിമതിക്കാരും, കാര്യക്ഷമതയില്ലാത്തവരുമായ ഉദ്യോഗസ്ഥരെ പൊലീസിൽനിന്നും പിരിച്ചുവിടണം, സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് കേരള പൊലീസിൽ പ്രത്യേക സാമ്പത്തിക നിരീക്ഷണ വിഭാഗം രൂപീകരിയ്ക്കണം എന്നും സമിതി റിപ്പോർട്ടിൽ ശുപാർശയുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍