വീട്ടമ്മയുടെ മരണം: കാൽ വഴുതി ട്രാക്കിൽ വീണതാകാമെന്ന് നിഗമനം, പീഡനം നടന്നിട്ടില്ലെന്ന് പൊലീസ്

Webdunia
വ്യാഴം, 12 മെയ് 2016 (17:24 IST)
തൃശൂർ കിള്ളിമംഗലം സ്വദേശി അജിതയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ്. അജിത ട്രെയിനിൽ നിന്നും കാൽ വഴുതി ട്രാക്കിലേക്ക് വീണതാണെന്നും തലയടിച്ച് വീണതിനാൽ രക്തം വാർന്ന് മരിക്കുകയായിരുന്നുവെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. ഉഡുപ്പി മംഗലാപുരം ട്രാക്കിൽ നിന്നും ഇന്ന് ഉച്ചയോടെയായിരുന്നു അജിതയുടെ മൃതദേഹം കണ്ടെത്തിയത്.
 
പീഡനശ്രമം നടന്നിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുറ്റികാടിനടുത്തുനിന്നും ലഭിച്ചതിനാലായിരുന്നു അത്തരമൊരു നിഗമനമെന്ന് വ്യക്തമാകുന്നു. ശരീരത്തിലുണ്ടായിരുന്ന ആഭരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീഴ്ചയിൽ ഉരുണ്ട് നീങ്ങിയപ്പോൾ ഷാൾ കഴുത്തിൽ കുടുങ്ങിയതാകാം എന്നാണ് നിഗമനം. 
 
മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് മുരളീധരനും മകൾക്കുമൊപ്പം അവധി ആഘോഷിക്കാൻ മംഗള എക്സ്പ്രസ്സിൽ നാട്ടിലേക്ക് വരികയായിരുന്ന അജിതയെ തിങ്കളാഴ്ചയാണ് കാണാതായത്. അൽപ്പസമയത്തിനുള്ളിൽ പോസ്റ്റ്മോർട്ടം നടത്തുവാനുള്ള തീരുമാനത്തിലാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article