പൊലീസിനെ മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍

Webdunia
ചൊവ്വ, 21 ജൂലൈ 2015 (18:40 IST)
പൊലീസിനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പൊലീസിനെ മര്‍ദ്ദിച്ച വലിയതുറ സ്വദേശികളായ ബിനു എന്ന ലൈനസ് (29), ടോര്‍സണ്‍ എന്നു പേരുള്ള സുജിന്‍ (25) എന്നിവരാണ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം വലിയതുറ പാലത്തിനടുത്തുള്ള മൈതാനത്ത് മദ്യപിച്ച് ചീട്ടുകളിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ തല്ലി. ഒരാള്‍ക്ക് മദ്യകുപ്പി പൊട്ടി പരിക്കുമേറ്റു. സംഭവമറിഞ്ഞ് വലിയതുറ സ്റ്റേഷനിലെ ശ്രീരാജ് സ്ഥലത്തെത്തി വഴക്കു തീര്‍ക്കാനെത്തി.
 
എന്നാല്‍ ഇതിനിടയില്‍ സംഘം ശ്രീരാജിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘമെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു.