പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ജൂണ്‍ 2023 (11:01 IST)
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് രാവിലെ 11 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂണ്‍ 19 മുതല്‍ ജൂണ്‍ 21 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2023 മേയ് 31 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
 
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.
 
താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരെഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കുക. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 
ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.
 
സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷന്‍ ജൂണ്‍ 20, 21 തീയതികളില്‍ ആയിരിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article