സംസ്ഥാനഭരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു മാഫിയ സംസ്കാരത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരളമാര്‍ച്ചിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. തെളിവുകള്‍ നശിപ്പിക്കേണ്ടതെങ്ങനെയെന്നും മൊഴി നല്കേണ്ടത് എങ്ങനെയെന്നും സരിതയെ പഠിപ്പിച്ചു നല്‌കുന്നു. തെളിവുകള്‍ നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ഭരണസംവിധാനം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനമുള്ള ഒരു പ്രവര്‍ത്തകന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പാര്‍ട്ടിയല്ലാതെ ആയിരിക്കുകയാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന് തമ്പാനൂര്‍ രവി നിരവധി ഘട്ടങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തലോടെ മനസ്സിലായി. ബിജു രാധാകൃഷ്‌ണയും കൂട്ടി പരിശോധനയ്ക്ക് പോയാല്‍ അടുത്ത അന്വേഷണം സരിതയെ കേന്ദ്രീകരിച്ചായിരിക്കുമെന്നും വ്യക്തമായിരുന്നു. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തമ്പാനൂര്‍ രവി ഇടപെട്ടത്.
എ ഡി ജി പി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയാക്കിയത് പല ഗൂഢലക്‌ഷ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ടാണ്. ഡി ജി പി റാങ്കിലുള്ള ഒരാളാണ് സാധാരണഗതിയില്‍ വിജിലന്‍സ് ഡി ജി പിയായി വരേണ്ടത്. എന്നാല്‍, ഡി ജി പി റാങ്കിലുള്ള മൂന്നു പേരെ പുറത്തു നിര്‍ത്തിയാണ് എ ഡി ജി പി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് പല താല്പര്യങ്ങളും ഉണ്ടാകും. എന്നാല്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അതിന് കൂട്ടു നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശങ്കര്‍റെഡ്ഡി പുറത്തുവിട്ട ശബ്‌ദരേഖ സി പി എമ്മിന്റെ അപഹാസ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നെന്നും പിണറായി പറഞ്ഞു.